മലയാളം സർവകലാശാല വിസി നിയമനം: ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സെർച്ച് കമ്മിറ്റിയെ നിയോ​ഗിച്ചതെന്ന് ​ഗവർണർ

single-img
26 February 2023

മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർ‌ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സെർച്ച് കമ്മിറ്റിയെ നിയോ​ഗിച്ചതെന്ന് ​ഗവർണർ ചോദിച്ചു. വൈസ് ചാൻസലർ നിയമനത്തിന് സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയിലേക്ക് ​ഗവർണറുടെ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവനിലേക്ക് കത്തിയച്ചിരുന്നു.

അതേസമയം, നേരത്തെ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് മേൽക്കൈ നൽകുന്ന രീതിയിലുള്ള നിയമം പാസാക്കുകയും അത് ഗവർണറുടെ അനുമതിക്കായി നൽകുകയും ചെയ്തിരുന്നു. പക്ഷെ ഇതുവരെ ഗവർണർ ഒപ്പിടാത്തതിനാൽ ആ ബില്ലിന് നിയമപരമായ സാധുതയില്ല. പിന്നെ എങ്ങിനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഗവർണർ ചോദിച്ചു.

യുജിസിയുടെ കൂടി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ല. ​ഗവർണറുടെ നോമിനിയെ നൽകണമെന്ന് ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ​ഗവർണർ കത്തിലൂടെ ചോദിച്ചു.