വരുമാനം വർദ്ധിപ്പിക്കുക ലക്‌ഷ്യം; കലൂർ സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനം

single-img
2 March 2024

വരുമാനം വർദ്ധിപ്പിക്കുക എന്നലക്ഷ്യത്തോടെ കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനം. പൊതു സമ്മേളനങ്ങൾക്കും അവാർഡ് നിശകൾക്കും സ്റ്റേഡിയം വിട്ടുനൽകി വരുമാനം വർധിപ്പിക്കാനാണ് പദ്ധതി. അതേസമയം ഈ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രമികളും രംഗത്തെത്തിയിട്ടുണ്ട്.

നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടന്നിട്ടുള്ള കലൂർ സ്റ്റേഡിയം ഇപ്പോൾ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ വർഷത്തിൽ അഞ്ച് മാസമാണ് ഉപയോഗിക്കുന്നത്. ഒഴിവ് നേരങ്ങളിൽ കായികേതര പരിപാടികൾക്ക് വിട്ടുനൽകാനാണ് ജിസിഡിഎയുടെ പദ്ധതി.ആകെ 35000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് കലൂര്‍ സ്റ്റേഡിയം.

ഓരോ വർഷത്തിലും പകുതിയിലെറെ സമയവും സ്റ്റേഡിയം ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്. വർഷം മുഴുവൻ ടർഫ് പരിപാലനത്തിനടക്കം ഭീമമായ ചെലവാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. കായികേതര പരിപാടികൾ നടക്കുന്പോൾ ഈ ടൈലുകൾ വിരിച്ച് ടർഫ് സംരക്ഷിക്കാനാവും. എട്ട് കോടി രൂപയാണ് ഇതിനായി പുതിയ ബജറ്റിൽ വകയിരുത്തിയത്. എന്നാൽ പുതിയ തീരുമാനം തലതിരിഞ്ഞതാണെന്നാണ് കായിക പ്രേമികളുടെയും പൊതു പ്രവർത്തകരുടേയും വിമർശനം. ടർഫ് നശിക്കുമെന്നാണ് പ്രധാന ആശങ്ക.