ഗംഗാ നദീ ശുചീകരണം; എട്ടുവർഷം കേന്ദ്രം ചെലവാക്കിയത് 13,000 കോടി രൂപ; നദിയുടെ സ്ഥിതിയിൽ മാറ്റമില്ല

single-img
1 January 2023

2014ൽ മോദി സർക്കാർ ആദ്യമായി അധികാരമേറ്റ ശേഷം ഇതുവരെ ഗംഗ നദി ശുചീകരണത്തിനായി ചെലവിട്ടത് 13,000 കോടി രൂപ. എട്ടു വർഷത്തെ കണക്കിൽ നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ(എൻ.എം.സി.ജി) പദ്ധതിയുടെ ഭാഗമായാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്.

ഈ തുകയിൽ കൂടുതലും ഉത്തർപ്രദേശിലാണ് ചെലവാക്കിയതെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. 2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഗംഗ ശുചീകരണം പ്രധാന വാഗ്ദാനമായാണ് നരേന്ദ്ര മോദി ഉയർത്തിയിരുന്നത്. എന്തെല്ലാം ചെയ്തിട്ടും ഇപ്പോഴും ഗംഗയുടെ സ്ഥിതിയിൽ ഒരു മാറ്റവുമില്ലെന്നാണ് റിപ്പോർട്ട്.

കൂടുതൽ സ്ഥലങ്ങളിലും നദിയിൽ ഇപ്പോഴും മാലിന്യം അടിഞ്ഞുകൂടിയിരിക്കുകയാണ്. നാഷനൽ ഗംഗ കൗൺസിലിനാണ് എൻ.എം.സി.ജി പദ്ധതിയുടെ ഭാഗമായി ചെലവിട്ട തുകയുടെ വിശദമായ വിവരങ്ങൾ കേന്ദ്രം കൈമാറിയത്. എട്ടുവർഷത്തനിടെ കൃത്യമായി 13,709.72 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നത്. ഇതിൽ, 13,046.81 കോടി രൂപ ചെലവിട്ടു. 2014-15 സാമ്പത്തിക വർഷം മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കണക്കാണിത്.

4,205 കോടി രൂപയും ചെലവിട്ടത് ഉത്തർപ്രദേശിലാണ്. ബിഹാർ ആണ് രണ്ടാം സ്ഥാനത്ത്; 3,516 കോടി രൂപ. ബംഗാൾ(1,302 കോടി), ഡൽഹി(1,253), ഉത്തരാഖണ്ഡ്(1,117) എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുള്ള മറ്റു പ്രദേശങ്ങൾ. ഗംഗ കടന്നുപോകുന്ന ജാർഖണ്ഡ്(250 കോടി), ഹരിയാന(89), രാജസ്ഥാൻ(71), ഹിമാചൽപ്രദേശ്(3.75), മധ്യപ്രദേശ്(9.89) എന്നീ സംസ്ഥാനങ്ങൾക്കും പദ്ധതി വിഹിതം ലഭിച്ചിട്ടുണ്ട്.