തിരുവനന്തപുരത്തെ വെള്ളപ്പൊക്കദുരിതനിവാരണത്തിന് 200കോടിയുടെ പദ്ധതി: രാജീവ് ചന്ദ്രശേഖര്‍

single-img
26 May 2024

ഈ വർഷം ഡിസംബറിനു മുൻപ് 21,253 കോടി രൂപ വരെ കടമെടുക്കുന്നതിന് കേരളാ സർക്കാരിന് കേന്ദ്രം അനുമതി നൽകിയതിനു പിന്നാലെ ,തലസ്ഥാനമായ തിരുവനന്തപുരത്തെ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് ,200 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ .

കേന്ദ്രസർക്കാർ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2022 ഫെബ്രുവരി 28-ന് പുറത്തിറക്കിയിരുന്നു.

രാജ്യവ്യാപകമായി ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്. ഈ മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകൽപ്പന നൽകുന്നത്. ഇതിൻ പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ (അതായത് 75%) കേന്ദ്ര സർക്കാർ നൽകും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.