മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഓട്ടം തുടങ്ങി;പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

single-img
11 November 2022

ബംഗളൂരു: മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആര്‍ ബംഗളൂരുവില്‍ ഇന്ന് രാവിലെ 10 മണിക്കാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ചെന്നൈ, കാട്പാടി, കെ.എസ്.ആര്‍ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.

രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിനാണ് ഇത്. നിലവില്‍ മൈസൂരു-ബംഗളൂരു- ചെന്നൈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനേക്കാള്‍ ഉയര്‍ന്ന നിരക്കായിരിക്കും ഈടാക്കുക.

രാജ്യത്ത് നിലവില്‍ സര്‍വിസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കുറഞ്ഞ വേഗമാണ് മൈസൂരു-ചെന്നൈ റൂട്ടില്‍ ഉണ്ടാവുക. ദക്ഷിണ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ മണിക്കൂറില്‍ 80.25 കിലോമീറ്ററും ദക്ഷിണ പശ്ചിമ റെയില്‍വേ പരിധിയില്‍ 75.62 കിലോമീറ്ററുമാണ് പരമാവധി വേഗം. മൈസൂരു -ബംഗളൂരു പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗമെങ്കിലും വളവുകള്‍ ഉള്ളതിനാലാണ് വേഗപരിധി. വളവുകളില്ലാത്ത പാതകളില്‍ 160-180 കിലോമീറ്റര്‍ വേഗ പരിധിയില്‍ വരെ സര്‍വിസ് നടത്താന്‍ കഴിയും. കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിന്‍ ഓടുക.

പൂര്‍ണമായും തദ്ദേശീയമായാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും പൂര്‍ണമായും ഓട്ടോമാറ്റിക് ഡോറുകള്‍ ഉള്ളവയാണ്. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) അടിസ്ഥാനമാക്കിയുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, യാത്രയിലുടനീളം ഹോട്ട്സ്പോട്ട് വൈ ഫൈ എന്നിവ ട്രെയിനിന്‍റെ പ്രത്യേകതയാണ്.