ലൈഫ് പദ്ധതിക്കുള്ള ഹഡ്കോ വായ്പയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

single-img
11 November 2022

കോഴിക്കോട്: ലൈഫ് പദ്ധതിക്കുള്ള ഹഡ്കോ വായ്പയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഗുണഭോക്താക്കളുടെ പട്ടിക വന്ന് മുന്നു മാസത്തോളമായിട്ടും വായ്പയുടെ പ്രാഥമിക നടപടി പോലും ആയില്ല.

എത്ര തുക വായ്പ എടുക്കണമെന്ന കാര്യത്തില്‍ ധന, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് വ്യക്തതയില്ല.

പുതിയ വായ്പയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് ഹഡ്കോ പറയുന്നു. വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന ആശങ്കയില്‍ ധനവകുപ്പ്. ഇതുവരെ 4500 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ഹെഡ്കോയില്‍ നിന്ന് വായ്പയെടുത്തത്. സംസ്ഥാന സര്‍ക്കാരിനായി വായ്പ എടുക്കുന്നത് കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ്.

മാവൂര്‍ പഞ്ചായത്തിലെ പിഎന്‍ ബാബു അടക്കമുള്ളവര്‍ ലൈഫ് പദ്ധതിയിലെ ഗുണഭോക്തൃ പട്ടികയില്‍ ഇടംപിടിച്ച്‌ വീടിനായി കാത്തിരിക്കുകയാണ്. ഗുണഭോക്താക്കള്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ കാത്തിരിക്കുകയാണ്.

ലൈഫ് പദ്ധതിയില്‍ ഒരു മുന്‍ഗണനാ പട്ടിക തയ്യാറാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിദരിദ്രര്‍, എസ് സി എസ് ടി വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ആദ്യ പരിഗണന കൊടുക്കാനാണ് തീരുമാനം. നേരത്തെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി വെയ്റ്റേജിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ അനുവദിക്കുന്നതായിരുന്നു രീതി.

ആദ്യ ഘട്ടത്തില്‍ ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ ഒന്‍പത് ലക്ഷം പേരുടെ അപേക്ഷകളാണ് കിട്ടിയത്. പല ഘട്ടത്തില്‍ ഇത് തരംതിരിച്ച്‌ അതില്‍ നിന്ന് ഏറ്റവും അര്‍ഹരായവരുടെ പേരുള്‍പ്പെടുത്തിയതാണ് 5 ലക്ഷം പേരുടെ പട്ടിക. ഇതിനകത്ത് വീണ്ടും മുന്‍ഗണന വരുമ്ബോള്‍ മറ്റുള്ളവര്‍ക്ക് വീട് എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്നതാണ് ചോദ്യം.