പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍


കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ ചില സ്ഥലങ്ങളില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു.
രജിസ്‌ട്രേഷന്‍ ഐജിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നടപടികള്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സര്‍വ്വേ നമ്ബര്‍ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവുകള്‍ സംഭവിച്ചത്.
പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെയും ഹര്‍ത്താലിന് മുമ്ബേ മരിച്ചവരുടെയുമടക്കം സ്വത്തും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വെക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പൊലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി. പിശകുകള്‍ തിരുത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജനുവരി 18 ന് അടിയന്തര നടപടിക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയാതിനാല്‍ വേഗത്തില്‍ ഇതു പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
തെറ്റായ നടപടികള്‍ പിന്‍വലിക്കണമെന്ന് കേസില്‍ കക്ഷി ചേര്‍ന്ന മലപ്പുറത്തെ യൂസഫ് അടക്കമുള്ളവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം.
തെറ്റായി പട്ടികയില്‍ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ റസ്റ്റ് ഹൗസിലൊരുക്കിയ താല്‍ക്കാലിക സൗകര്യങ്ങളില്‍ ക്ലെയിം കമ്മീഷണര്‍ അതൃപ്തി അറിയിച്ചു. ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കേസ് ഈമാസം 20 ന് വീണ്ടും പരിഗണിക്കും.മിന്നല്‍ ഹര്‍ത്താലില്‍ 5.20 ലക്ഷം രൂപയുടെ പൊതു മുതല്‍ നഷ്ടം ഈടാക്കാനാണ് പിഎഫ്‌ഐ ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.