എൻസിപി അധ്യക്ഷ സ്ഥാനം; രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ

single-img
5 May 2023

എൻ സിപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിൻവലിച്ചു ശരദ് പവാർ. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം പരിഗണിച്ചാണ് അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച തീരുമാനം അദ്ദേഹം പിന്‍വലിച്ചത്.]

എൻസിപിയുടെ ദേശീയ നേതൃ ചുമതല താൻ വീണ്ടും ഏറ്റെടുക്കുന്നതായും പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും, ആവശ്യങ്ങളും കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും തീരുമാനം പിൻവലിച്ചുകൊണ്ട് ശരദ് പവാർ പറഞ്ഞു.

തീരുമാനം മാറ്റണമെന്ന ആവശ്യവുമായി രാജ്യത്തെ വിവിധ നേതാക്കളും തന്നോട് സംസാരിച്ചതായും ശരദ് പവാർ കൂട്ടിച്ചേർത്തു. അതേസമയം, നേരത്തെ എന്‍സിപി ദേശീയ അധ്യക്ഷനായി ശരദ് പവാര്‍ തുടരണമെന്ന് പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചിരുന്നു. രാജി തീരുമാനം നേതൃയോഗം ഏകകണ്ഠമായി തള്ളുകയായിരുന്നു. എന്‍സിപി ദേശീയ അധ്യക്ഷ പദവിയില്‍ പവാര്‍ തുടരണമെന്ന് വിവിധ പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍, സീതാറാം യച്ചൂരി, ഡി.രാജ, സഞ്ജയ് സിംഗ്, ഫറൂഖ് അബ്ദുല്ല, മമത ബാനർജി എന്നിവരടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളാണ് തീരുമാനം മാറ്റണം എന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടത്.