എലിസബത്ത് രാജ്ഞി അന്തരിച്ചു


ലണ്ടന്‍: ആരോഗ്യസ്ഥിതി മോശമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു.
കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.
1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങള്‍ മുഴുവന്‍ നടന്നത് ഇവരുടെ കാലത്തായിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതും അതില്‍ നിന്ന് പുറത്ത് പോയതും ഇവരുടെ കീഴിലാണ്.
15 പ്രധാനമന്ത്രിമാര്‍ എലിസബത്ത് രാജ്ഞിയുടെ കാലത്തുണ്ടായി. 1874 ല്‍ ജനിച്ച വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെയും 101 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച ലിസ് ട്രസ്സിനെയും പ്രധാനമന്ത്രിയായി നിയമിച്ച അപൂര്‍വതയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്.
എലിസബത്ത് രാജ്ഞിയുടെ അസാന്നിധ്യത്തില്‍ മൂത്ത മകന്‍ ചാള്‍സ് രാജ്യത്തെ നയിക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് ജനങ്ങള്‍ ഒഴുകുന്നുണ്ട്. രാജ്ഞിയുടെ മൃതദേഹം ഇപ്പോള്‍ ബാല്‍മോറിലെ കൊട്ടാരത്തിലാണുള്ളത്.