മദ്യനയത്തിൽ ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത യോഗം ടൂറിസം മന്ത്രി അറിയാതെ

single-img
26 May 2024

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത യോഗം മന്ത്രിതലത്തിൽ അല്ലെന്ന് വിശദീകരണം. ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാനുള്ള അഭിപ്രായ സ്വരൂപണ യോഗമാണ് നടന്നത്. മദ്യനയത്തിൽ ടൂറിസം മേഖലയിൽ അഭിപ്രായത്തിനാണ് യോഗം ചേർന്നതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.

ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല യോഗംവിളിച്ചു ചേർത്തത്. സാധാരണ എല്ലാവർഷവും മദ്യനയവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ ഒരു യോഗം നടക്കാറുണ്ട്. ഇതിനെ ഒരു സാധാരണ നടപടിക്രമമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അഭിപ്രായം അറിയാൻ വേണ്ടി ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പ് സെക്രട്ടറിമാർക്ക് യോഗം വിളിച്ച് നിർദേശം നൽകിയത്.

ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വകുപ്പു സെക്രട്ടറിമാർ അവരുടെ വകുപ്പുകൾക്ക് കീഴിൽ അഭിപ്രായ സ്വരൂപണത്തിന്റെ ഭാഗമായി അവരുടെ മേഖലകളിൽ വരുന്ന ആളുകളെ വിളിച്ചു ചേർത്ത് യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം ടൂറിസം ഡയറക്ടർ യോഗംവിളിച്ചത്. ഇത് സൂം മീറ്റിങ് ആയിരുന്നു. ബാറുടമകൾ അടക്കം ഇതിൽ പങ്കെടുത്തിരുന്നു.

ഇതിൽ മന്ത്രിയുടെ ഇടപെടലോ നിർദേശമോ ഒന്നും ഇല്ല എന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. സൂം മീറ്റിങ് വഴി നടത്തിയ യോഗത്തിലെ അഭിപ്രായം ടൂറിസം ഡയറക്ടർ ടൂറിസം സെക്രട്ടറിക്ക് കൈമാറും. ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇതാണ് നടപടിക്രമമെന്ന് ടൂറിസം വകുപ്പ് വിശദീകരിച്ചു.