തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ സൗജന്യങ്ങള്‍ നടപ്പിലാക്കാൻ പണം വേണം; നികുതികള്‍ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍

single-img
7 July 2023

നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ അധികാരത്തിലെത്താൻ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ നടപ്പിലാക്കാനായി ജനങ്ങളെ തന്നെ പിഴിയാൻ കർണാടക സർക്കാർ. ഇതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോൾ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നികുതികള്‍ ഉയര്‍ത്തിയത്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയര്‍ത്തി. ബിയർ ഉൾപ്പെടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തില്‍ നിന്ന് 185 ശതമാനമായി ഉയര്‍ത്തും. കോൺഗ്രസ് വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ അടങ്ങിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ഏകദേശം 52,000 കോടിയാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ചെലവാകുക. ഈ പണം കണ്ടെത്താനാണ് നികുതി ഉയര്‍ത്തിയിരിക്കുന്നത്.

2023- 24 സാമ്പത്തിക വര്‍ഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണു സിദ്ധരാമയ്യ അവതരിപ്പിച്ചത്. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി, എല്ലാ കുടുംബനാഥകള്‍ക്കും മാസം തോറും 2000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ സൗജന്യ അരി നല്‍കുന്ന അന്ന ഭാഗ്യ, ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ എന്നീ പദ്ധതികളായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.