നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്ഘാടന വേളയില്‍ ഗവര്‍‌ണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമ‍ര്‍ശനം

single-img
22 May 2023

തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഗവര്‍‌ണറെയും ഉപരാഷ്ട്രപതിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമ‍ര്‍ശനം.

രാജ്യത്തിന് തന്നെ അഭിമാനമായ കേരള നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കാണ് ഉപരാഷ്ട്രപതി തുടക്കമിട്ടത്. സംസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് കാരണമായ പല നിയമനിര്‍മ്മാണങ്ങളും കേരള നിയമസഭ നടത്തിയതായി രജതജൂബിലി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിച്ചു. വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിലെ സംസ്ഥാന മികവിനെയും ജഗദീപ് ധന്‍കര്‍ പുകഴ്ത്തി. രാജ്യതാല്പര്യങ്ങള്‍ വരുമ്ബോള്‍ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റിവെക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍, കെഎസ് ചിത്ര അടക്കം കേരളം രാജ്യത്തിന് സംഭാവന ചെയ്ത പ്രതിഭകളെ ജഗദീപ് ധന്‍കര്‍ പേരെടുത്ത് പറഞ്ഞ് ഓര്‍മ്മിച്ചു. വിദ്യാഭ്യാസ രംഗത്തെ കേരള മികവിന്റെ ഗുണഭോക്താവാണ് താനെന്നും സൈനിക സ്കൂളില്‍ പഠിപ്പിച്ച മലയാളി അധ്യാപികയെ ഓര്‍മ്മിപ്പിച്ച്‌ ഉപരാഷ്ട്രപതി പറഞ്ഞു.