ജയ് ഭീം’ ‌സിനിമയുടെ കഥ മോഷ്ടിച്ചത്

single-img
26 August 2022

ചെന്നൈ: സൂര്യ നായകനായി ഓടിടി റിലീസായി എത്തിയ ‘ജയ് ഭീം’ ‌സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം.

ജയ് ഭീമിന്റെ കഥ തന്റെയാണെന്നും ഇത് അണിയറ പ്രവര്‍ത്തകര്‍ മോഷ്ടിച്ചതാണെന്നും കാണിച്ച്‌ വി കുളഞ്ചിയപ്പന്‍ എന്നയാളാണ് രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജ്ഞാനവേല്‍, നിര്‍മാതാക്കളായ സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ ചെന്നൈ പൊലീസില്‍ ഇയാള്‍ പരാതി നല്‍കി. കോപ്പിറൈറ്റ് ആക്‌ട് പ്രകാരം പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

സിനിമയിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കുളഞ്ചിയപ്പന്‍ പരാതിയില്‍ പറയുന്നു. 1993ല്‍ കമ്മാരപുരം പൊലീസ് സ്റ്റേഷനില്‍ വച്ച്‌ അതിക്രൂരമായി മര്‍ദനമേറ്റിരുന്നു. ഇതേക്കുറിച്ച്‌ അറിയാന്‍ 2019-ല്‍ ‘ജയ് ഭീമി’ന്റെ സംവിധായകന്‍ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നു. ലാഭവിഹിതത്തിനൊപ്പം കഥയ്ക്ക് 50 ലക്ഷം രൂപ റോയല്‍റ്റിയായി നല്‍കുമെന്ന് ‘ജയ് ഭീം’ ടീം വാ​ഗ്ദാനം ചെയ്തിരുന്നതായും കുളഞ്ചിയപ്പന്‍ ആരോപിച്ചു.

നേരത്തെ വണ്ണിയാര്‍ സമുദായവും സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. തങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് അവര്‍ ഉന്നയിച്ച ആരോപണം. ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിന് പ്രക്ഷേക, നിരൂപക പ്രശംസ വലിയ തോതില്‍ ലഭിച്ചിരുന്നു.