ഗോവയിലെ പാര്‍ട്ടിക്കിടയിൽ സോണാലിക്ക് ലഹരിമരുന്ന് നല്‍കി; ബിജെപി നേതാവിന്റെ മരണത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്
ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. ഗോവയില്‍ നടന്ന പാര്‍ട്ടിക്കിടെ സോണാലിക്ക് നിർബന്ധപൂർവം ലഹരിമരുന്ന് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകുന്നേരം ഗോവയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ മൊഴിയിലാണ് ഈ നിർണ്ണായക വിവരമുള്ളത്. സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ സുധീര്‍ സാങ്വന്‍, അയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരും സൊനാലിക്കൊപ്പം ഗോവയില്‍ എത്തിയിരുന്നു.
അതേസമയം, സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു . പക്ഷെ ഇതാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. അതേസമയം, മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു മുറിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിലും ദുരൂഹതയുണ്ട്.