ബിജെപിക്ക് തലവേദനയായി മധ്യപ്രദേശിൽ ബ്രാഹ്മണൻ ഒബിസി പോര്

single-img
26 August 2022

ബ്രാഹ്മണ സമുദായത്തിനെതിരായ പരാമർശത്തിന്റെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മധ്യപ്രദേശിലെ ഒബിസി നേതാവ് പ്രീതം സിംഗ് ലോധി ശിവപുരി ജില്ലയിലെ പിച്ചോർ നിയോജക മണ്ഡലത്തിൽ 7,000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ “ശക്തി പ്രകടന” റാലിക്കു പിന്നാലെ സംസ്ഥാനത്തു ബിജെപിക്ക് തലവേദനയായി ബ്രാഹ്മണൻ-ഒബിസി പോര് മുറുകുന്നു.

യാദവ്, ഗുർജാർ, ബാഗേൽ, വാലികി, ജാതവ് തുടങ്ങി പിന്നോക്ക സമുദായ അംഗങ്ങളെ ഒരുമിപ്പിച്ചു ബിജെപിക്കെതിരെ പോരാടാൻ ആണ് പ്രീതം സിംഗ് ലോധി ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി റാലിക്ക് മണിക്കൂറുകൾക്ക് മുമ്പ്, ലോധി ഗ്വാളിയോറിൽ വെച്ച് ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിനെ കാണുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. റാലിയിൽ മധ്യപ്രദേശിലെ പ്രമുഖ ബ്രാഹ്മണനേതാക്കളായ ബിജെപി അധ്യക്ഷൻ വി ഡി ശർമ്മയ്ക്കും ആഭ്യന്തര മന്ത്രി നരോത്തം ശർമ്മയ്ക്കും എതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയിലൊരുന്നു.

ഓഗസ്റ്റ് 19 ന് ശിവപുരി ജില്ലയിലെ ഖറൈഹ് ഗ്രാമത്തിൽ വിദ്യാർത്ഥികളുടെ ചടങ്ങിൽ സംസാരിക്കവെ ബ്രാഹ്മണ സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയതിനാണ് ലോധിയെ ബിജെപി ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ ഈ നടപടി സംസ്ഥാനത്തെ ജനസംഖ്യയിൽ 50 ശതമാനത്തിലധികം വരുന്ന ഓ ബി സി സമുദായ അംഗങ്ങൾ ബിജെപിക്കെതിരെ തിരിയുന്ന അവസ്ഥയാണ് ഉണ്ടാക്കിയത് എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.