ഫറോക്ക് പഴയ ഇരുമ്ബുപാലം നവീകരണം പൂര്ത്തിയായി; ഉദ്ഘാടനം നാളെ

single-img
26 August 2022

വൈദേശികാധിപത്യത്തിനെതിരായ സമരപോരാട്ടത്തിന്റെ കരുത്തുറ്റ സ്മാരകം കൂടിയായ ഫറോക്ക് പഴയ ഇരുമ്ബുപാലം നവീകരണം പൂര്ത്തിയാക്കി ശനിയാഴ്ച തുറന്നുകൊടുക്കും.

ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് നിര്മ്മിത പാലം തുരുമ്ബെടുത്ത് അപകടസ്ഥയിലായിരുന്നു. ദൃശ്യഭംഗിയോടെ പൈതൃകസ്മാരകമായി രൂപപ്പെടുത്തിയ പാലം വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുക.

90 ലക്ഷം ചെലവഴിച്ചുള്ള ഒന്നാംഘട്ട നവീകരണത്തില് പാലത്തിലെ തുരുമ്ബ് പൂര്ണമായും യന്ത്രമുപയോഗിച്ച്‌ നീക്കം ചെയ്തിരുന്നു. ദ്വാരങ്ങളടച്ച്‌ ബീമുകള് ഉള്പ്പെടെ ബലപ്പെടുത്തി പാലത്തിന് വെള്ളിനിറം നല്കി. തകര്ന്നു വീഴാറായ ഒമ്ബത് ഉരുക്കു കമാനങ്ങള്ക്ക് പകരം പുതിയവ സ്ഥാപിച്ചു. ഉയരം കൂടിയ വാഹനങ്ങള് നിയന്ത്രിക്കാന് പുതിയ ഹൈറ്റ് ഗേജും സ്ഥാപിച്ചിട്ടുണ്ട്.


ഫറോക്ക്, ചെറുവണ്ണൂര് എന്നിവിടങ്ങളില് സ്വാഗതകമാനങ്ങളും നിര്മ്മിക്കുന്നുണ്ട്. പാലം തുരുമ്ബെടുക്കാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കി. ഇരുകരകളിലും പാലത്തിലേക്കുള്ള റോഡിന്റെ രണ്ടു ഭാഗത്തും പൂട്ടുകട്ട പാകി മനോഹരമായ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് നഗരത്തിന്റെ കവാടവും അടയാളവുമായ പാലം ചരിത്ര സ്മാരകമായാണ് നവീകരിച്ചത്. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി രണ്ടാം ഘട്ടമായി നവീനമായ അലങ്കാര വെളിച്ചം ഒരുക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ചരിത്ര വസ്തുതകള് വിവരിക്കുന്ന ബോര്ഡും സ്ഥാപിക്കും.

1883 ലാണ് ബ്രിട്ടീഷുകാര് 257 മീറ്റര് നീളവും 4.75 മീറ്റര് വീതിയുമുള്ള പാലം നിര്മ്മിച്ചത്. 2005ലാണ് അവസാനം അറ്റകുറ്റപ്പണി നടത്തിയത്. ഉദ്ഘാടനത്തിനായി പാലം ദീപാലംകൃതമാക്കി. ദൃശ്യഭംഗി ആസ്വദിക്കാന് ധാരാളം പേര് എത്തുന്നുണ്ട്