കോള്‍ഗേറ്റ് കമ്ബനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച ടൂത്ത് പേസ്റ്റുകൾ പിടിച്ചെടുത്തു

single-img
26 August 2022

തൃശൂര്‍: കയ്പമംഗലത്ത് വ്യാജ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. കോള്‍ഗേറ്റ് കമ്ബനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച്‌ കടകളില്‍ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്.

മൂന്നു കടകളിലെലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്.

കോള്‍ഗേറ്റ് കമ്ബനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്‌ഐ കെഎസ് സുബീഷ് മോന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്. 2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്ബനി ഉല്പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ ‘അമിനോ ശക്തി’ എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്.

കമ്ബനി അധികൃതര്‍ ചെക്കിങ്ങിനെത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജന്‍സിയെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.