എൻഡിടിവി പിടിച്ചെടുക്കാനുള്ള അദാനിയുടെ മോഹം നിയമ പോരാട്ടത്തിലേക്ക്

single-img
26 August 2022

എൻഡിടിവി പിടിച്ചെടുക്കാനുള്ള അദാനിയുടെ മോഹം നിയമ പോരാട്ടത്തിലേക്കെന്ന് വിദഗ്ധർ. അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ ഉടമസ്ഥരായ പ്രണോയ്‌ റോയിയും രാധിക റോയിയും സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കൽ നിയമയുദ്ധത്തിലേക്കു നീങ്ങും എന്ന് ഉറപ്പായത്.

എൻഡിടിവിയുടെ നിലവിലെ ഉടമസ്ഥരുടെ കീഴിലുള്ള ആർആർപിആർ ഹോൾഡിങ്‌സിന് ഓഹരി വിപണിയിൽ ഇടപെടുന്നതിന് രണ്ടുവർഷത്തെ വിലക്കുണ്ട്. 2022 നവംബർ 26നു മാത്രമേ വിലക്ക് അവസാനിക്കൂ. സ്ഥാപനത്തിന് വിലക്കുള്ളതിനാല്‍ അദാനിയുടെ ഓഹരി കൈമാറ്റം നിലനിൽക്കില്ലെ എന്നാണ് പ്രണോയ്‌ റോയിയും രാധിക റോയിയും സെബിയെ അറിയിച്ചത്.

അദാനി ഗ്രൂപ്പ് ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. സെബി തീരുമാനം എതിരായാൽ കോടതിയെ സമീപിക്കാനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം എന്നാണു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

എൻഡിടിവിയിൽ ആർആർപിആർഎച്ചിന്‌ ഉണ്ടായിരുന്ന 29.18 ശതമാനം ഓഹരിയാണ്‌ 2009ലെ ഒരു വായ്‌പാ കരാറിന്റെ മറവിൽ അദാനി ഗ്രൂപ്പ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്‌. മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ്‌ ലിമിറ്റഡിൽ (വിസിപിഎൽ)നിന്ന്‌ 2009ൽ 99.9 ശതമാനം ഓഹരി ഈടുനൽകി 403.85 കോടി രൂപ ആർആർപിആർഎച്ച്‌ വായ്‌പയെടുത്തിരുന്നു.

വിസിപിഎല്ലിനെ അദാനിയുടെ മാധ്യമവിഭാഗമായ എഎംജി മീഡിയാ നെറ്റ്‌വർക്‌സ്‌ വാങ്ങിയാണ്‌ എൻഡിടിവി വളഞ്ഞവഴിയിൽ സ്വന്തമാക്കാൻ നീക്കംതുടങ്ങിയത്‌. ഒപ്പം ചില്ലറനിക്ഷേപകരടക്കം മറ്റ്‌ ഓഹരി ഉടമകളുടെ 26 ശതമാനം ഓഹരികൾ 294 രൂപ നിരക്കിൽ വാങ്ങാമെന്ന വാഗ്‌ദാനം മുന്നോട്ടുവയ്‌ക്കുമെന്നും അദാനി ഗ്രൂപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.