ബോളിവുഡിനെതിരായ ബഹിഷ്‌കരണാഹ്വാനത്തില്‍ പ്രതികരിച്ച്‌ നടന്‍ സുനില്‍ ഷെട്ടി

single-img
26 August 2022

മുംബൈ: ബോളിവുഡിനെതിരായ ബഹിഷ്‌കരണാഹ്വാനത്തില്‍ പ്രതികരിച്ച്‌ നടന്‍ സുനില്‍ ഷെട്ടി. സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ പ്രേക്ഷകര്‍ സന്തുഷ്ടരായിരിക്കില്ലെന്ന് അദ്ദേഹം സുനില്‍ ഷെട്ടി പറഞ്ഞു.

ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ പോകാത്തതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അമീര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദ, അക്ഷയ്കുമാറിന്റെ രക്ഷാബന്ധന്‍, രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്ര എന്നീ ബോളിവുഡ് ചിത്രങ്ങള്‍ ബഹിഷ്‌കണ ഭീഷണി നേരിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബോളിവുഡ് താരങ്ങള്‍ക്കും അവരുടെ സിനിമകള്‍ക്കും എതിരായ ബഹിഷ്‌കരണാഹ്വാനത്തില്‍ പ്രതികരണവുമായി താരം നേരത്തെയും രംഗത്തെത്തിയിരുന്നു. ബോളിവുഡ് ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്‍ബീര്‍ കപൂര്‍-സഞ്ജയ് ദത്ത് ചിത്രം ഷംഷേരയുള്‍പ്പെടെയുള്ള ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബോളിവുഡ് സിനിമാ ലോകം വിദ്വേഷത്തിന്റെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കെതിരെ പൊരുതുകയാണ്. സിനിമകള്‍ക്കെതിരായ ബഹിഷ്‌കരണാഹ്വാനം ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം ബഹിഷ്‌കരണ ഭീഷണി നേരിട്ട വിജയ് ദേവരകോണ്ടയുടെ തെലുങ്ക് ചിത്രം ലൈഗര്‍ മുന്നേറുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 1.25 കോടിയും തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് 2 കോടിയും ചിത്രം നേടിയതായും അവരുടെ റിപ്പോര്‍ട്ടുണ്ട്. അങ്ങനെ ആകെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്.

ആദ്യ ദിനത്തിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയാണെന്നും അവര്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ മാത്രം 2500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച്‌ പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതിനാല്‍ ആദ്യ വാരാന്ത്യ കളക്ഷനിലും അത് പ്രതിഫലിക്കപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.