ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത് മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാൻ: കോടിയേരി ബാലകൃഷ്ണൻ

single-img
25 August 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ രംഗത്ത്. മോദി സർക്കാരിന്‍റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത് എന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംഘപരിവാർ അജണ്ട ആണ്. ഇപ്പോൾ ഗവർണറും സർക്കാരും രണ്ട് പക്ഷത്തായി നിലകൊള്ളുകയാണ്. ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിൽ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്. ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നത് പ്രധാനം. സമാന്തര ഭരണം അടിച്ചേൽപിക്കാൻ ഗവർണർക്ക് ആകില്ലെന്നും കോടിയേരി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പശ്ചിമബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാരും സർക്കാരുകളുമായി തുറന്നപോരും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നിയമസഭകളോ മന്ത്രിസഭകളോ നീക്കുകയും നിയമഭേദഗതി പാസാക്കിയിട്ടുണ്ട്. ഗവർണർക്കെതിരെ പ്രതിഷേധിച്ച് ചില മുഖ്യമന്ത്രിമാർ പ്രത്യക്ഷസമരം നടത്തിയിട്ടുമുണ്ട്. എന്നാൽ, ഗവർണറും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയെന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് എന്നും കോടിയേരി പറയുന്നു.

കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് . കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു