എ.കെ.ജി സെന്‍ററിനുനേരെ എറിഞ്ഞത് പടക്കം തന്നെ; അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്

single-img
25 August 2022

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യം കുറഞ്ഞ പടക്കം ആണ് എന്ന് അന്തിമ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് സ്ഫോടക വസ്തുവിൽ ഉപയോഗിച്ചത്. അതിൽ ശബ്ദം കൂട്ടാൻ ഇതിൽ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊട്ടാ‍സ്യം ക്ലോ‍റേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗ‍ഡർ, കരി എന്നിവയാണ് സാമ്പിളിൽ ഫോറൻസിക് ലബോറട്ടറി കണ്ടെത്തിയത്. ഇതിൽ പൊട്ടാസ്യം ക്ലോറേറ്റ് ശബ്ദം കൂട്ടാനാണ് ഉപയോഗിച്ചതെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കരുതുന്നു.

ജൂൺ 30ന് അർധരാത്രിയാണ് എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനുനേരെ ഇരുചക്രവാഹനത്തിലെത്തിയയാൾ സ്ഫോടകവസ്തു എറിഞ്ഞത്. ഉഗ്ര സ്ഫോടകവസ്തുവാണ് എറിഞ്ഞതെന്ന സി.പി.എം നേതാക്കൾ അന്ന് ആരോപിച്ചത്.

ആദ്യം പ്രത്യേകസംഘം അന്വേഷിച്ച കേസ് പുരോഗതി ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം.