പരാതിക്കാരിയെ വിവാഹം ചെയ്തു; യുവാവിനെതിരായ പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി

single-img
24 August 2022

പരാതിക്കാരിയെ കുറ്റാരോപിതനായ യുവാവ് വിവാഹം ചെയ്തതിനാൽ ഇയാൾക്കെതിരായ പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി. പ്രായപൂർത്തിയാവാത്ത 17കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് 23കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പെൺകുട്ടിക്ക് 18 വയസ് തികഞ്ഞ പിന്നാലെ യുവാവ് പരാതിക്കാരിയെ വിവാഹം കഴിക്കുകയായിരുന്നു.

ഇപ്പോൾ ഈ ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.തങ്ങൾ തമ്മിലുള്ള തർക്കം പരിഹരിച്ചതിനാൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനും പ്രതിയും ഇരയും സംയുക്ത മെമ്മോ സമർപ്പിച്ചതിനെത്തുടർന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ജഡ്ജി ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), സെക്ഷൻ 3 (ലൈംഗിക ആക്രമണം), 4 (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ആരോപിച്ച് 2019 മാർച്ചിൽ ഇരയുടെ പിതാവ് മിസ്സിംഗ് പരാതി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ 363, 376(3), 366, സെക്ഷൻ 4, 6 എന്നിവ പ്രകാരം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ആരോപണവിധേയമായ സംഭവം നടന്ന് ഏകദേശം ഒരു വർഷത്തിന് ശേഷം, പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞു. 2020 ജൂണിൽ, പരാതിക്കാരിയും യുവാവും പ്രണയത്തിലായിരുന്നുവെന്നും അവർ തമ്മിലുള്ള ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു. പ്രസ്തുത തെളിവുകൾക്ക് ശേഷം, 18 മാസത്തിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷം യുവാവിന് ജാമ്യം ലഭിച്ചു. 2020 നവംബറിൽ ഇരുവരും വിവാഹിതരായി, വിവാഹത്തിൽ നിന്ന് ഒരു പെൺകുട്ടി ജനിച്ചു.