ലിംഗസമത്വ യൂണിഫോം സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കില്ല; പിണറായി വിജയൻ

single-img
24 August 2022

തിരുവനന്തപുരം: ലിംഗസമത്വ യൂണിഫോം സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. സര്‍ക്കാര്‍ പൊതു നിര്‍ദേശം പുറപ്പെടുവിക്കില്ല. ഇത്തരം തീവ്രനിലപാടുകളെ സര്‍ക്കാര്‍ ഒരുതരത്തിലും പിന്തുണയ്ക്കില്ല. ഓരോ വിദ്യാലയത്തിനും യൂണിഫോം ഏത് വേണമെന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കാന്‍ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ കെ ശൈലജയാണ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. ലിംഗനീതി സംരക്ഷിക്കണം. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ജനങ്ങളില്‍ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്.

ഇതുമറികടന്ന് ലിംഗസമത്വം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അത് ആണ്‍-പെണ്‍ വേര്‍തിരിവിന് അപ്പുറം ട്രാന്‍സ്‌ഡെന്‍ഡറുകളെക്കൂടി പരിഗണിച്ചുകൊണ്ടാകണം സമത്വം നടപ്പാക്കേണ്ടതെന്നുമാണ് സബ്മിഷനില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങളും പിടിഎയും ചേര്‍ന്ന് ഉചിതമായ യൂണിഫോം തീരുമാനിക്കണം. ഒരുവിധ വേഷവിധാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുക സര്‍ക്കാര്‍ നയമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുവായ നിര്‍ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.