കാശ്മീരിൽ ബിജെപി നേതാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

24 August 2022

ജമ്മു കശ്മീരിലെ ഹിരാനഗറിലെ കത്വയിൽ ബിജെപി നേതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി നേതാവായ സോം രാജിന്റെ മൃതദേഹം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ രാവിലെ അയൽവാസിയാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
നിലവിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ രക്തക്കറ കണ്ടെത്തിയതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തു. അതേസമയം, സോം രാജിനെ കൊലപ്പെടുത്തിയതാണെന്നാണ് ഇയാളുടെ കുടുംബം ആരോപിക്കുന്നത്.
തങ്ങൾക്ക് നീതി ലഭിക്കണമെന്ന് സോം രാജിന്റെ കുടുംബം ആവശ്യപ്പെട്ടു. സോം രാജിന്റെ മരണത്തിൽ അന്വേഷണം നടത്തണം എന്ന് ഇയാളുടെ വീട് സന്ദര്‍ശിച്ച ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.