ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ആദരിച്ച നടപടി തെറ്റ്; ന്യായീകരിക്കാനാവില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

single-img
24 August 2022

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ചിരുന്നവരെ വിട്ടയച്ച ശേഷം ആ 11 പ്രതികളെ ആദരിച്ച നടപടി തെറ്റാണെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.ഈ നടപടിയെ ന്യായീകരിക്കാനാകില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രതികളെ വിട്ടയച്ചതെന്നും എന്നാല്‍ അവരെ ആദരിക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു കുറ്റവാളി എപ്പോഴും കുറ്റവാളി തന്നെയാണെന്ന് ഫഡ്നാവിസ് പറഞ്ഞു. വിട്ടയച്ചതിന് ശേഷം പ്രതികളെ സ്വാഗതം ചെയ്യുന്നത് തെറ്റാണ്. പ്രതി കുറ്റക്കാരനാണ്. ആരും അവരെ പിന്തുണയ്ക്കരുത്, ഫഡ്നാവിസ് പറഞ്ഞു.

സംസ്ഥാനത്തെ ഭണ്ഡാര ജില്ലയിലെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് ഫഡ്നാവിസിന്റെ പ്രസ്താവന. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് ഉന്നയിക്കരുതെന്ന് ആദ്യം ഉപമുഖ്യമന്ത്രി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും 11 കുറ്റവാളികള്‍ മോചിതരായപ്പോള്‍ അവര്‍ക്ക് ലഭിച്ച സ്വീകരണത്തെ അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ശിക്ഷാ നടപടി ഇളവു ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരേ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷക അപര്‍ണ ഭട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിഷയം പരിശോധിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.