പ്രവാചക നിന്ദ: ബിജെപി എംഎൽഎയ്‌ക്കെതിരെ കേസ്

single-img
23 August 2022

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെതിരെ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു.

ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ ഒരു “കോമഡി” വീഡിയോ ബിജെപി എംഎൽഎ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിൽ ഹാസ്യനടനും അമ്മയ്ക്കും എതിരെ മോശം പരാമർശം നടത്തുകയും, പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തുകയും ചെയ്തിരുന്നു.

ഐപിസി 153എ, 295, 505 വകുപ്പുകൾ പ്രകാരമാണ് ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ് എടുത്തിരിക്കുന്നത്. രാജാ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചു വലിയ പ്രതിഷേധം ആണ് നടക്കുന്നത്.

നേരത്തെ ഓഗസ്റ്റ് 19 ന് ഹൈദരാബാദിൽ ഹാസ്യനടൻ മുനവർ ഫാറൂഖിയുടെ ഷോയ്ക്ക് മുന്നോടിയായി രാജാ സിംഗിനെയും മറ്റ് 4 പേരെയും സംരക്ഷണ കസ്റ്റഡിയിൽ എടുത്തിരുന്നു. തെലങ്കാന സർക്കാർ ഫാറൂഖിയെ നഗരത്തിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ ഹാസ്യനടനെ ആക്രമിക്കുമെന്നും വേദി കത്തിച്ചുകളയുമെന്നും സിംഗ് ഭീഷണി മുഴക്കിയിരുന്നു.