ഡൽഹിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്

single-img
22 August 2022

ഡൽഹിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത് ജന്തർ മന്ദറിൽ ആരംഭിക്കും. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്ന് ദില്ലിയില്‍ കർഷകരുടെ മഹാപഞ്ചായത്ത് നടക്കുന്നത്. എന്നാൽ, സമരത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ട്.

പ‌ഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

സമരത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പലവട്ടം ചർച്ച നടത്തിയിട്ടും ജന്തർ മന്ദറിൽ സമരം ചെയ്യാനുള്ള അനുമതി പൊലീസ് കർഷക സംഘടനകൾക്ക് നൽകിയില്ല. എന്നാൽ, അനുവാദമില്ലെങ്കിലും സമരം നടത്തി അറസ്റ്റ് വരിക്കുമെന്ന് കർഷകർ അറിയിച്ചു.

അതേസമയം ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിനെ യുപിയിലേക്ക് തിരിച്ചയച്ചു. കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ടികായത്തിനെ ഗാസിപ്പൂരില്‍ വെച്ചാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ മധു വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ടികായത്തിനോട് പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. യുപിയിലേക്ക് തിരിച്ചയച്ചതോടെ മഹാപഞ്ചായത്തില്‍ ടികായത്തിന് പങ്കെടുക്കാനാകില്ല