സർക്കാർ ഗവർണർക്ക് മുന്നിൽ മുട്ടുമടക്കുന്നു; സർവകലാശാല ബിൽ അവതരിപ്പിക്കില്ല

single-img
22 August 2022

ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന വിവാദ സർവകലാശാലാ ഭേദഗതി ബിൽ ഇന്നു തുടങ്ങുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറി. ന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഭരണ പ്രതിസന്ധി ഒഴുവാക്കാനാണ് ബിൽ അവതരണം മാറ്റിവെക്കുന്നത് എന്നാണു സൂചന.

വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗസംഖ്യ ഉയർത്തി ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായത്. കേരള സർവകലാശാല സെനറ്റ് ഗവർണക്കെതിരെ പ്രമേയം പാസാക്കിയത് എരിതീയിൽ എണ്ണ ഒഴിച്ചതുപോലായി. സർക്കാരിനെ തിരിച്ച് പ്രഹരിക്കാൻ സർവകലാശാലകളിലെ സി. പി. എമ്മിന്റെ ബന്ധു നിയമനങ്ങളും ഫണ്ട് വിനിയോഗവും പിടികൂടാനുള്ള നീക്കം ഗവർണർ തുടങ്ങി.

അതേസമയം,​ ലോകായുക്ത ഭേദഗതി ബില്ലിൽ ഇടഞ്ഞ സി. പി. ഐയുമായി ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനം ആയില്ലെങ്കിലും അപ്പീൽ അധികാരിയായി പ്രത്യേക സമിതി വേണമെന്ന സി പി ഐയുടെ നിർദ്ദേശം അംഗീകരിക്കും. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും റവന്യൂ,​ നിയമ മന്ത്രിമാരും ഉൾപ്പെടുന്ന അഞ്ചംഗ പ്രത്യേക സമിതി അപ്പീൽ സമതി വേണം എന്നാണു സി പി ഐയുടെ നിർദ്ദേശം. ഇതാങ്ങീകരിക്കാൻ ആണ് സി പി എം തീരുമാനം. ഇതോടെ ലോകായുക്തയുടെ ഉത്തരവുകൾ പരിശോധിക്കാൻ സി പി ഐ അംഗം ഉള്ള അപ്പീൽ സമതി നിലവിൽ വരും.