പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്‌ തുടങ്ങും

single-img
22 August 2022

ഗവർണർ ഒപ്പിടാത്ത പതിനൊന്ന് ഓർഡിനൻസുകൾ നിയമമാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്‌ തുടങ്ങും. ലോകായുക്ത ഭേദഗതി ആണ് പ്രധാനമായും സഭ ചർച്ച ചെയ്യുക. പത്തു ദിവസമായിരിക്കും സഭ സമ്മേളിക്കുക.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം. ഇന്ന് മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല. നാളെയാണ് ബിൽ അവതരിപ്പിക്കുക.

2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബില്‍, 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍, 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍, ദി കേരള ലോകായുക്ത (ഭേദഗതി ) ബില്‍, ദ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷനല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്) ഭേദഗതി ബില്‍, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍. എന്നിവ ആയിരിക്കും അവതരിപ്പിക്കുക.

ഇതിൽ ലോകായുക്ത നിയമഭേദഗതിയിൽ ഇടതുമുന്നണിയിലും ഭിന്നതയുണ്ട്. ഈ ഭിന്നത പരമാവധി മുതലെടുക്കാൻ ആണ് കോൺഗ്രസ് തീരുമാനം. സിപിഐയുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. നിയമ നിർമ്മാണത്തിന് ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നത്.