കെജ്രിവാൾ സർക്കാരിനെതിരെ വീണ്ടും സി ബി ഐ അന്വേഷണം; ഇത്തവണ കേസെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന്‍റെ നിർദേശപ്രകാരം

single-img
22 August 2022

മദ്യ നയവുമായി ബന്ധപ്പെട്ടു നടന്ന സി ബി ഐ റെയ്ഡിന് പിന്നാലെ ദില്ലി സർക്കാർ 1000 ലോ ഫ്ളോർ ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിലും സിബിഐ അന്വേഷണം. ആഭ്യന്തര മന്ത്രാലയതിന്‍റെ നിർദേശപ്രകാരം ആണ് ഇപ്പോഴത്തെ സി ബി ഐ നടപടി.

ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹി നിയമസഭയിൽ ബിജെപി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രൂപീകരിച്ച മൂന്നംഗ സമിതി കഴിഞ്ഞ വർഷം ജൂണിൽ എഎംസിയിൽ നടപടിക്രമങ്ങളിലെ പിഴവുകൾ കണ്ടെത്തുകയും അത് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണം ആവശ്യപ്പെട്ടു കത്തും അയച്ചിരുന്നു. ഈ കത്തിന്മേൽ ആണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

അതിനിടെ മദ്യനയകേസില്‍ എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെയാണ് സി ബി ഐ പ്രതി പട്ടികയിൽ ചേർത്തിരിക്കുന്നത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.