മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പല വാർഡുകളിലും ബിജെപിക്ക് ലഭിച്ചത് 20ൽ താഴെമാത്രം വോട്ടുകൾ

single-img
22 August 2022

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവെച്ചത് ദയനീയ പ്രകടനം. വോട്ടുകൾ എണ്ണിയപ്പോൾ പല വാർഡുകളിലും 20ൽ താഴെ വോട്ടുകളാണ് ബിജെപി സ്ഥാനാർഥികൾക്ക് ലഭിച്ചത്. ഇതിൽ അഞ്ചാം വാർഡായ ആണിക്കരിയിൽ ബിജെപി സ്ഥാനാർഥിയായ എംകെ സീതക്ക് ലഭിച്ചതാവട്ടെ വെറും ആറുവോട്ടുമാത്രമാണ് .ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മുസ് ലിം ലീഗിലെ ഉമൈബ ടീച്ചർ 255 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

നഗരസഭയിലെ മൂന്നാം വാർഡായ എളന്നൂരിൽ ബിജെപി സ്ഥാനാർഥി പി ജിനേഷ്, എട്ടാം വാർഡായ മുണ്ടയോട് ബിജെപി സ്ഥാനാർഥി പി വി സജിത, ഒമ്പതാം വാർഡായ പെരുവയൽക്കരിയിൽ ബിജെപി സ്ഥാനാർഥിയായ പി ദിവ്യ എന്നിവർക്ക് 15 വോട്ടുകൾ മാത്രമാണ് ലഭിച്ചത് .

ഇതിൽ എളന്നൂരിൽ കോൺഗ്രസും മറ്റു വാർഡുകളിൽ സിപിഎം സ്ഥാനാർഥികളുമാണ് വിജയിച്ചത്. ആകെ 35 സീറ്റുകളിൽ 21 സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫിൽ സിപിഎം-19 സീറ്റ്, സിപിഐ-1, ഐഎൻഎൽ-1, യുഡിഎഫിൽ ഐഎൻസി-9, ഐയുഎംഎൽ-5 എന്നിങ്ങനെയാണ് സീറ്റ് നേടിയത്.