നഷ്ടമായ വിശ്വാസ്യത മുഖ്യധാരാ മാധ്യമങ്ങൾ വീണ്ടെടുക്കണം: മുഖ്യമന്ത്രി

single-img
21 August 2022

നഷ്ടമായ വിശ്വാസ്യത മുഖ്യധാരാ മാധ്യമങ്ങൾ വീണ്ടെടുക്കണംമെന്നും മാധ്യമങ്ങളുടെ മൂലധന-രാഷ്ട്രീയ താൽപ്പര്യങ്ങളാണ്‌ വാർത്തയുടെ സ്വഭാവം നിർണയിക്കുന്നതെന്ന യാഥാർഥ്യം ജനം തിരിച്ചറിഞ്ഞുതായും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. അതോടെ മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകർന്നു എന്നത് ഉൾകൊള്ളാൻ തയ്യാറാകണം. മതനിരപേക്ഷതയും വർഗീയ ഭീകരതയും ഏറ്റുമുട്ടുമ്പോൾ നിഷ്‌പക്ഷത പാലിച്ചാൽ അത്‌ മതനിരപേക്ഷതയെ ദുർബലപ്പെടുത്തലാണെന്ന്‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങൾക്കടക്കം മനുഷ്യത്വപരമല്ലാത്ത നിഷ്‌പക്ഷത ഉണ്ടാകുന്നു. സത്യവും അസത്യവും ഏറ്റുമുട്ടുമ്പോൾ നിഷ്‌പക്ഷരാണെന്ന്‌ പ്രഖ്യാപിക്കുന്നത്‌ അസത്യത്തിന്റെയും അനീതിയുടെയും പക്ഷം ചേരലാണ്‌. ജനം ഇത്‌ എപ്പോഴും സഹിക്കണമെന്നില്ല. പുരോഗമന, മതേതര ശക്തികൾക്കൊപ്പം നിൽക്കേണ്ടവരാണ്‌ മാധ്യമ പ്രവർത്തകർ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

മാധ്യമപ്രവർത്തനം അപകടകരമായ രാജ്യമായി ഇന്ത്യ. അതിനുപിന്നിൽ വർഗീയതയിലൂന്നിയ രാഷ്ട്രീയവും ഭരണസംവിധാനവുമാണ്‌. മാധ്യമസ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ തുടരണം. ഭരണഘടനയിൽ പത്രസ്വാതന്ത്ര്യം ചേർക്കണം.


ഇന്നത്തെ ലോകം മാധ്യമങ്ങളുടേത്‌ മാത്രമല്ല. കുറച്ചുനാൾ തെറ്റിദ്ധരിപ്പിക്കാം, എല്ലാകാലത്തും കഴിയില്ല. കുറ്റകൃത്യം ആദ്യം റിപ്പോർട്ട്‌ ചെയ്‌തെന്ന ക്രെഡിറ്റ്‌ നേടാനുള്ള മത്സരമാണ്‌ നടക്കുന്നത്‌. കുറ്റവാളികളുമായി പൊരുത്തപ്പെടാനുള്ള അവസ്ഥയിലേക്കും മാധ്യമപ്രവർത്തകർ എത്തുന്നു. ഇതിലെ അധാർമികത തിരിച്ചറിയാനാകണം. മാധ്യമ–രാഷ്ട്രീയ ബന്ധം, അതിൽ ഒരുകൂട്ടർ നടത്തുന്ന ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കുന്നതിൽവരെ എത്തണോയെന്നും ചർച്ചചെയ്യണം.

വികസനം തങ്ങളുടെ രാഷ്ട്രീയ ഭാവി ഇരുട്ടിലാക്കുമെന്ന്‌ സങ്കുചിത താൽപ്പര്യക്കാരായ ചില രാഷ്ട്രീയ നേതൃത്വം ചിന്തിക്കുന്നു. മാധ്യമങ്ങളിലും അതേ മനോഭാവം പ്രതിഫലിച്ചാൽ അത്‌ ജനങ്ങളുടെ മനോഘടനയെ വികലമാക്കാനുള്ള പരിശ്രമമാകും. ഇതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കണം. മാധ്യമങ്ങളെയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും നിയന്ത്രിക്കുന്ന ചെറുവിരൽ അനക്കംപോലും സംസ്ഥാന സർക്കാരിൽ നിന്നുണ്ടായിട്ടില്ല. ക്രിയാത്മക വിമർശം സ്വീകരിക്കും, നശീകരണാത്മക വാസനകളോടെയുള്ളവയെ വിലവയ്‌ക്കില്ല. മാധ്യമങ്ങൾ വിമർശങ്ങൾക്ക്‌ അതീതരല്ലെന്ന്‌ ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.