അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വെക്കുന്നതായി സോണിയ ഗാന്ധിയോട് ആനന്ദ് ശർമ്മ

single-img
21 August 2022

കോൺഗ്രസിന് ദേശീയ തലത്തിൽ മറ്റൊരു തിരിച്ചടിയായി മുതിർന്ന നേതാവ് ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു. താൻ രാജിവെക്കുന്നതായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശർമ കത്ത് നൽകിയത്.

കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമർശിച്ചാണ് രാജി. താൻ ഒരിക്കലും അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹിമാചലിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശർമ സോണിയയെ അറിയിച്ചു.

മറ്റൊരു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ആനന്ദ് ശർമയുടെയും രാജി. നിലവിൽ രാജ്യസഭയിൽ കോൺഗ്രസിന്റെ ഉപ നേതാവായിരുന്ന ആനന്ദ് ശർമയെ, ഏപ്രിൽ 26ന് ആണ് ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ ആയി നിയമിച്ചത്.

കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് രൂപീകരിച്ച ജി 23 നേതാക്കളിൽ പ്രധാനിയായ അദ്ദേഹം, മറ്റൊരു ജി23 നേതാവായ ഗുലാം നബിക്ക് പിന്നാലെ, നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി തന്നെയാണ് രാജിവെച്ചിരുന്നത്.