രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം; മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പൊലീസ് കള്ളക്കേസുണ്ടാക്കി: വിഡി സതീശൻ

single-img
20 August 2022

വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഉയർത്തിയ ആരോപണത്തില്‍ പൊലീസ് കള്ളക്കേസുണ്ടാക്കിയെന്നും ഇതുവഴി ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

കോൺഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നതിന് ഒരു തെളിവും ഇതുവരെ പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് കള്ളക്കേസുണ്ടാക്കുകയാണ് ചെയ്തത്. ഇല്ലാത്ത കേസ് പടച്ചുണ്ടാക്കുകയാണ് ചെയ്തത്. കേസന്വേഷണത്തിനായി എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നതിന് മുന്‍പേ മുഖ്യമന്ത്രി ഗാന്ധി ചിത്രം തകര്‍ത്തതെന്ന് ആരോപിക്കുകയുണ്ടായി.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്നുമുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ‘ ഗാന്ധി ചിത്രം തകർത്തു എന്നത് മുഖ്യമന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ കേസാണ് . എകെജി സെന്റര്‍ ആക്രമണ കേസിലും ഷാജഹാന്‍ കൊലക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ് ഇപ്പോള്‍ സിപിഐഎം. അത് പോലെയാണ് കോണ്‍ഗ്രസും എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്.

രാഹുല്‍ ഗാന്ധിയെ എങ്ങിനെയും വയനാട്ടില്‍ നിന്ന് തുരത്തണമെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആഹ്വാനാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ബിജെപിക്ക് അതിനുള്ള ശേഷിയില്ലാത്തത് കൊണ്ടാണ് സിപിഎം ആ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ വിഡി സതീശൻ പറഞ്ഞു.