നല്ല കാര്യം; തനിക്കെതിരെ കേരള സര്‍വകലാശാല പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് ഗവര്‍ണര്‍

single-img
20 August 2022

വൈസ് ചാൻസലർ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കേരള സര്‍വകലാശാല പ്രമേയം പാസാക്കിയ നടപടിയെ പരിഹസിച്ച് ചാൻസലറും ഗവർണറുമായി ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയ്ക്ക് ഇത്തരത്തിൽ പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. നല്ല കാര്യമാണ്. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികള്‍ നിര്‍ത്തിവയ്ക്കാനാവില്ല.
കാരണം, അത് എന്റെ ചുമതലയുടെ ഭാഗമാണ്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി നിയമവിരുദ്ധമെന്നും ഗവര്‍ണര്‍ സമിതി പിന്‍വലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
തികച്ചും ഏകപക്ഷീയമായാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നുള്ള കടുത്ത വിമര്‍ശനമാണ് സെനറ്റിലെ ഭരണാനുകൂല അംഗങ്ങള്‍ ഉന്നയിച്ചത്.

സെനറ്റിൽ സിപിഎം അംഗം അവതരിപ്പിച്ച പ്രമേയത്തെ പക്ഷെ യുഡിഎഫ് പ്രതിനിധികള്‍ പിന്തുണച്ചില്ല. ഇപ്പോൾ വിസി നിയമനത്തിന്റ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും മാത്രമാണുള്ളത്. സര്‍വ്വകലാശാലയുടെ പ്രതിനിധിയെ നിയോഗിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സെനറ്റ് യോഗത്തില്‍ വലിയ ചര്‍ച്ചയായത്.

സർവകലാശാലാ ആക്റ്റ് 10 (1) പ്രകാരം യൂണിവേഴ്‌സിറ്റി പ്രതിനിധി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമെന്നാണ് സിപിഎം അംഗം ബാബുജാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. ഗവര്‍ണര്‍ നിശ്ചയിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വ്വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വിസി പ്രമേയത്തില്‍ മൗനം പാലിച്ചു.