സർവകലാശാലകൾ ബന്ധുക്കളെ നിയമിക്കാനുള്ളതല്ല: ആരിഫ് മുഹമ്മദ് ഖാൻ

single-img
20 August 2022

കണ്ണൂർ സർവ്വകലാശാല വിസിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാൻ. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നത് എന്ന് ആരിഫ് മുഹമ്മദ് ഖാൻ. ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വി സിയുടെ പെരുമാറ്റം എന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

കേരളത്തിൽ സർവകലാശാലകളെ രാഷ്‌ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയിരിക്കുകയാണ്. രാഷ്‌ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റുന്നു. താൻ ചാൻസലറായിരിക്കുമ്പോൾ അത് അനുവദിക്കില്ല. യോഗ്യതയുള്ളവരെ മാറ്റിനിർത്തിക്കൊണ്ട് സ്വന്തക്കാരെ നിയമിക്കുന്ന നടപടി അപമാനകരമാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ബന്ധു നിയമനങ്ങൾ അന്വേഷിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

അതേസമയം, ഗവർണർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങുകയാണ് കേരള സർവകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും. വി സി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം വന്നാൽ വി സിക്കെതിരെ ഗവർണർ നടപടി എടുത്തേക്കും എന്നും അഭ്യൂഹം ഉണ്ട്.