കേന്ദ്ര സർക്കാർ പത്തുലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്: മുഖ്യമന്ത്രി

single-img
20 August 2022

രാജ്യത്തിൻ്റെ ഐക്യത്തിന് മങ്ങലേൽക്കും വിധമുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുകയാണ് എന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. എന്നാൽ ഇന്ന് ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും ശ്രമം നടക്കുന്നു. അതോടൊപ്പം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി തീണ്ടാത്ത സർവീസ് മേഖലയാണ് പിഎസ്‌സി. ജീവനക്കാരും ഇക്കാര്യത്തിൽ മാതൃകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് പിഎസ്‌സിയിൽ വിശ്വാസമുണ്ട്. ആ വിശ്വാസം നിലനിർത്താൻ തുടർന്നും നമുക്കാകണം. ഹീനമായ ജാതിബോധം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നു. സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്‌. ഫെഡറലിസത്തിൻ്റെ കടക്കൽ കത്തിവയ്ക്കുന്ന സമീപനം കേന്ദ്രം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുകയാണ്. സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രം വലിയ തോതിൽ കടന്നു കയറ്റം നടത്തുന്നു. ഇത് രാജ്യത്തിന്റെ ശാപമായി നില നിൽക്കുകയാണ്. ഒരു കരാർ ഒപ്പിട്ടാൽ അത് ബാധിക്കുന്ന ജനങ്ങളുടെ കാര്യം പരിശോധിക്കണം. എന്നാൽ അങ്ങനെയൊരു പരിശോധന കേന്ദ്രം നടത്തുന്നില്ല. സംസ്ഥാനങ്ങളുടെ പരിമിതമായ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്രം നടത്തുകയാണ്. സഹകരണ മേഖല കയ്യടക്കാനും ഇപ്പോൾ കേന്ദ്രം ശ്രമം നടത്തുകയാണ്.

സംസ്ഥാനത്തിൻ്റെ വികസന പ്രക്രിയകൾക്ക് കേന്ദ്രം ഇത്തരത്തിൽ തടസം സൃഷ്‌ടി‌ക്കുകയാണ്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് വരുത്തി. വായ്‌പ‌ എടുക്കാനുള്ള അവകാശം വലിയ രീതിയിൽ വെട്ടിക്കുറക്കുന്നു. പോക്കറ്റിൽ നിന്ന് ഒരു കടലാസെടുത്ത് ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് നാം കണ്ടതാണ്. ഭരണഘടന നൽകിയ അവകാശം പോലും ഇല്ലാതാക്കിയവർക്ക് എന്തുമാകാമെന്നതാണ്.

സാമ്പത്തികമായി ഞെരുക്കി കേരളത്തെ ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. ഞങ്ങൾക്കാകാം നിങ്ങൾക്ക് പാടില്ല എന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്ര സർക്കാർ പത്തുലക്ഷത്തിലധികം അവസരങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ് ഇത്തരത്തിൽ രാജ്യത്ത് തൊഴിൽ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിക്കുന്നു.