വിഴിഞ്ഞത്ത് സംഘർഷാവസ്ഥ; ബാരിക്കേഡ് മറികടന്ന് ആയിരത്തിലധികം സമരക്കാർ


വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിട്ടാണ് സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർ തുറമുഖത്തിന് ഉള്ളിലേക്ക് കയറിയത്. അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ സമരക്കാർ കൊടി നാട്ടി.
പോലീസിന്റെ വലിയ സംഘം ഇവിടെയുണ്ടെങ്കിലും ഇവർ സമരക്കാരെ തടയാൻ ശ്രമിച്ചിട്ടില്ല. പ്രകോപനം സൃഷ്ടിക്കേണ്ട എന്നാണ് പോലീസിന്റെ തീരുമാനം. തുറമുഖം പൂർണമായും മത്സ്യത്തൊഴിലാളികൾ കൈയടക്കിയ നിലയിലാണ്. തടിച്ചു കൂടിയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ മുൻപിൽ പോലീസ് നിസഹായരാണ്.
അതേസമയം സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ചയും ഇന്ന് നടക്കും. ഡല്‍ഹിയിലുളള ഫിഷറീസ് മന്ത്രി മടങ്ങിയെത്തിയശേഷം സമയം തീരുമാനിക്കും. ഏഴിന ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പു ലഭിക്കുന്നതുവരെ സമരം നിര്‍ത്തില്ലെന്ന് നേതൃത്വം നല്കുന്ന ലത്തീന്‍ അതിരൂപതയും അറിയിച്ചു.