മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളാണെങ്കില്‍ ജോലിനല്‍കേണ്ടേ? എ കെ ബാലൻ

single-img
19 August 2022
film industry drug use ak balan

യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേയെന്നും ബാലന്‍ ചോദിച്ചു. ഇന്നലെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നതിനു പിന്നാലെയാണ് മുൻ മന്ത്രിയയും സി പി എം കേന്ദ്രകമ്മറ്റി അംഗവുമായ എ.കെ ബാലന്‍ രൂക്ഷവിർശനം നടത്തിയത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിര്‍ഭാഗ്യകാര്യമാണ്. ഗവര്‍ണറുടെ സമീപനം കേരള സമൂഹത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നതല്ല, അദ്ദേഹം പറയുന്നത് നിയമനങ്ങളെല്ലാം സ്വജനപക്ഷപാതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ്. യഥാര്‍ഥത്തില്‍ രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെന്ന സത്യവുമായി അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ സര്‍വകലാശാലാ നിയമനത്തില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനും സ്വാഭാവിക നീതിക്കും നേരെയുള്ള നിഷേധമാണെന്നും ബാലന്‍ പറഞ്ഞു.

അതേസമയം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ രാഷ്ട്രീയമായി നേരിടും എന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ കണ്ണൂർ വി സി നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ്‌ ഖാന്റെ പ്രതികരണം. സർക്കാരിനെതിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോർമുഖം കടുപ്പിക്കുകയാണ് ഗവർണർ.