ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ നല്ല സംസ്കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ.

single-img
19 August 2022

ഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ ബ്രാഹ്മണരും നല്ല സംസ്കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ.

റൗല്‍ജിയാണ് ബലാത്സംഗക്കേസിലെ കുറ്റവാളികളെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയത്. പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ ‘ബ്രാഹ്‌മണരാണെ’ ന്നും ‘നല്ല സംസ്‌കാരത്തിനുടമകളാണെ’ന്നുമായിരുന്നു ബിജെപി നേതാവിന്‍റെ പ്രസ്താവന.

“അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാനുള്ള ഉദ്ദേശം ഉണ്ടാവണം. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്”, ഒരു മാധ്യമത്തിന് നല്‍കിയ അമുഖത്തില്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ജയിലിലായിരുന്ന കാലത്ത് സല്‍സ്വഭാവികളായിരുന്നെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ബില്‍ക്കീസ് ബാനു വധക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ പതിനാറാം തീയതി മോചിപ്പിച്ചത്. പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് സി.കെ. റൗല്‍ജി. അതേസമയം ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ ടിആര്‍എസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡി രംഗത്ത് വന്നു.