ഷാജഹാൻ വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

single-img
18 August 2022

പാലക്കാട് : പാലക്കാട് സിപിഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിദ്ധാർത്ഥൻ, സജീഷ്, ശിവരാജൻ ,വിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീഷ്, അനീഷ്, നവീൻ ,സുജീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. എട്ടിലധികം പേർ പ്രതികളായി ഉണ്ടാകാം എന്നാണ് പൊലീസിന്‍റെ നിഗമനം..ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്തവർ ഉണ്ടോ എന്നിവയും പോലിസ് പരിശോധിക്കുന്നുണ്ട്.

ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധം എന്ന് വെളിപ്പെടുത്തി പാലക്കാട്‌ എസ്പി. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങൾ ആണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചത് എന്നും പൊലീസ് വ്യക്തമാക്കി.
ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികൾ പാർട്ടിയുമായി അകന്നു. ഇതിനു പുറമെ, രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേശോത്സവത്തിൽ പ്രതികൾ  ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ  ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനം. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത  നവീൻ, അനീഷ്,ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ്‌ ഇന്നലെ രേഖപ്പെടുത്തി. നവീനെ പൊള്ളാച്ചിയിൽ നിന്നാണ് പിടികൂടിയത്. മറ്റുള്ളവരെ മലമ്പുഴ കവയിൽ നിന്നും. പ്രതികൾ ഒളിച്ചിരുന്ന കോഴിമലയിൽ എത്തിച്ചു പൊലീസ് തെളിവെടുത്തു. ഷാജഹാനെ വെട്ടാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ  കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന കുന്നങ്കാട് പ്രതികളെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി.കൃത്യത്തിന് ശേഷം പ്രതികൾ പാലക്കാട് ചന്ദ്ര നഗറിൽ ഉള്ള ബാറിൽ എത്തി മദ്യപിച്ചിക്കുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.