ഏത് സമയത്തും ആൺ സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെയാണ് നിതീഷ് കുമാർ: ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ

single-img
18 August 2022

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചുകൊണ്ട് കോൺഗ്രസുമായി ചേർന്ന് പുതിയ മന്ത്രിസഭ രൂപീകരിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാദ പരമാർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ‘ആൺസുഹൃത്തുക്കളെ തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെയാണ് നിതീഷ് കുമാർ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഞാൻ വിദേശ രാജ്യങ്ങളിലേക്ക് യാത്രപോകുമ്പോൾ ചിലർ പറയും, അവിടെ ഉള്ള സ്ത്രീകൾ ഏത് സമയത്തും അവരുടെ ആൺ സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുമെന്ന്. ഇവിടെ നമ്മുടെ ബിഹാർ മുഖ്യമന്ത്രിയും ഇതിന് സമാനമാണ്. ആരുടെ കൈയാണ് പിടിച്ചിരിക്കുന്നതെന്നും ആരുടെ കൈയാണ് വിട്ടതെന്നും അദ്ദേഹം അറിയുന്നതേയില്ല’ മധ്യപ്രദേശിലെ ഇൻഡോറിൽ സംസാരിക്കവെ വിജയവർഗിയ പറഞ്ഞു.

കഴിഞ്ഞ വാരമായിരുന്നു നിതീഷ് കുമാർ എൻഡിഎ സഖ്യം വിട്ട് സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനൊപ്പം ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചത്. ആർജെഡിയുടെ നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.