കണ്ണൂര്‍ സര്‍വകലാശാല പ്രശ്നത്തിലെ തീരുമാനം അരമണിക്കൂറില്‍ അറിയാം എന്ന് ഗവര്‍ണര്‍

single-img
17 August 2022

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പ്രശ്നത്തിലെ തീരുമാനം അരമണിക്കൂറില്‍ അറിയാം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല. ചട്ടലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

റാങ്ക് പട്ടിക റദ്ദാക്കാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയുള്ള തീരുമാനം റദ്ദാക്കിയേക്കും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് എതിരെയും നടപടി വന്നേക്കും.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വ‍ര്‍ഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ പറ‍ഞ്ഞു. റിസര്‍ച്ച്‌ സ്കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച്‌ അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ല എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുറത്തു വിടാന്‍ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളില്‍ നിന്ന് മനസിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കി. സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന വൈസ് ചാന്‍സലറുടെ പ്രഖ്യാപനം.