ജലക്ഷാമം: കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുത്; സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐ നിർദ്ദേശം

single-img
17 August 2022

ജലക്ഷാമം രൂക്ഷമായതിനാൽ ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകി ബിസിസിഐ . കുളിക്കുമ്പോൾ പോലും കൂടുതൽ വെള്ളം ഉപയോഗിക്കരുതെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.

അതേസമയം, നാളെ മുതലാണ് സിംബാബ്‌വെയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുക. നിലവിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി.

ഇതോടൊപ്പം തന്നെ ജലക്ഷാമം പരിഗണിച്ച് ടീമിന്റെ പൂൾ സെഷനും റദ്ദാക്കിയിട്ടുണ്ട്. ഇപ്പോൾ ഹരാരെയിൽ ജലക്ഷാമം രൂക്ഷമാണ്. വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.