ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരത: കേരള ഹൈക്കോടതി

single-img
16 August 2022

ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരതയാണ് എന്ന് കേരള ഹൈക്കോടതി. മാത്രമല്ല ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2019 ജനുവരിയിലാണ് കേസിനു ആസ്പദമായ ദമ്പതികളുടെ വിവാഹം നടന്നത്. പത്തു മാസത്തിനകം തന്നെ ഭാര്യ വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. മുന്‍കോപിയായ ഭര്‍ത്താവ് എപ്പോഴും ദേഷ്യപ്പെടുന്ന ആളാണ് എന്നാണ് ഭാര്യ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു പോലും ഭര്‍ത്താവ് വഴക്കിടും. പലപ്പോഴും ഇത് ശാരീരിക അക്രമത്തില്‍ എത്തും എന്നും ഇവർ കോടതിയെ അറിയിച്ചു. മാത്രമല്ല തന്നെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി താഴ്ത്തിപ്പറയുന്നത് പതിവാണെന്നും ഭാര്യ കോടതിയില്‍ ബോധിപ്പിച്ചു. ഭാര്യയുടെ ഹര്‍ജിയില്‍ കീഴ്ക്കോടതി വിവാഹമോചനവും നൽകിയിരുന്നു. ഇതിനെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് സുധയുടെയും നിരീക്ഷണം.

ക്രൂരതയെന്നാല്‍ അതു ശാരീരിക പീഡനം തന്നെ ആകണം എന്നില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്രൂരത എന്നതിന് സമഗ്രമായ ഒരു നിര്‍വചനം സാധ്യമല്ല. കാലത്തിനും സാമൂഹ്യ മാറ്റങ്ങള്‍ക്കും ജീവിത നിലവാരത്തിനും അനുസരിച്ച് ക്രൂരതയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും. നിരന്തരമായ അധിക്ഷേപം, ലൈംഗിക ബന്ധം നിഷേധിക്കല്‍, അവഗണിക്കല്‍, അകല്‍ച്ചയോടെയുള്ള പെരുമാറ്റം, ചാരിത്ര്യശുദ്ധിയില്ലെന്നു വരുത്തിത്തീര്‍ക്കല്‍ തുടങ്ങിയവയെല്ലാം ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.