ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെത്തി

single-img
16 August 2022

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയതായി ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 22 വരെ കപ്പൽ തുറമുഖത്തു ഉണ്ടാകും എന്നാണു കരുതപ്പെടുന്നത്.

ചൈന പാട്ടത്തിനെടുത്ത ഹമ്പൻടോട്ട തുറമുഖത്ത് ആഗസ്റ്റ് 11 ന് കപ്പൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് എങ്കിലും, ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് യാത്ര നീട്ടുകയായിരുന്നു.

കൊളംബോയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഹമ്പൻടോട്ട തുറമുഖം ഉയർന്ന പലിശയ്ക്ക് ചൈനീസ് വായ്പകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ശ്രീലങ്കൻ സർക്കാർ തുറമുഖം 99 വർഷത്തെ പാട്ടത്തിന് ചൈനക്ക് കൈമാറുകയായിരുന്നു.

യുവാന്‍ വാങ്ങ് പരമ്പരയിലെ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് 5. ചൈനീസ് പ്രതിരോധവിഭാഗത്തിന്റെ ഗവേഷണവിഭാഗം രൂപകല്‍പന ചെയ്ത കപ്പല്‍ 2007 സെപ്തംബര്‍ മുതലാണ് സര്‍വീസ് ആരംഭിച്ചത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്റ്റാട്രറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ് യൂണിറ്റ് ആണ് കപ്പലിനെ നിയന്ത്രിക്കുന്നത്. ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിഭാഗമാണ് സ്റ്റാട്രറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്.