VLC മീഡിയ പ്ലെയർ ഇൻഡ്യയിൽ നിരോധിച്ചു; കാരണം ഇതാണ്

single-img
15 August 2022

കമ്ബ്യൂട്ടറുകളിലോ സ്മാര്‍ട്ട്ഫോണുകളിലോ വീഡിയോ പ്ലേ ചെയ്യാന ധാരാളം മീഡിയ പ്ലെയറുകള്‍ ഉണ്ട്. എന്നാല്‍ VLC പ്ലെയറിനോളം ജനപ്രിതി നേടിയ മറ്റൊന്നും ഉണ്ടാകാന്‍ ഇടയില്ല.

വളരെ ലളിതവും എന്നാല്‍ മികച്ച ഗുണനിലവാരമുള്ളതുമായ പ്ലെയറാണ് VLC. ഓഫ്‌ലൈന്‍ വീഡിയോകള്‍ പ്ലേ ചെയ്യാനാണ് നമ്മള്‍ കൂടുതലും VLC പ്ലെയര്‍ ഉപയോഗിക്കാറുള്ളത്. ഓപ്പണ്‍ സോഴ്‌സ് മള്‍ട്ടി-പ്ലാറ്റ്‌ഫോം വീഡിയോ പ്ലേ ആപ്പായ VLC ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം നടന്നിട്ട് ശരിക്കും രണ്ട് മാസത്തേളമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്‌ഒഎസ്, വിന്‍ഡോസ്, ലിനക്സ് തുടങ്ങിയ മിക്കവാറും എല്ലാ പ്രധാന ഒഎസ് പ്ലാറ്റ്‌ഫോമുകളിലും VLC മീഡിയ പ്ലെയര്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സേവനം ഇന്ത്യയില്‍ ലഭ്യമല്ല. കേന്ദ്രസര്‍ക്കാരാണ് VLC മീഡിയ പ്ലെയര്‍ നിരോധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക വിഎല്‍സി വെബ്സൈറ്റ് നിരോധിക്കുകയും ഡൗണ്‍ലോഡ് ലിങ്കുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. VLC മീഡിയ പ്ലെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇപ്പോഴും സാധിക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ആപ്പ് ലഭ്യമാണ്.

വെബ്സൈറ്റ്

VLC മീഡിയ പ്ലെയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.videolan.org/ നിലവില്‍ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. നിങ്ങള്‍ ഈ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിച്ചാല്‍ “The website has been blocked as per the order of Ministry of Electronics and Information Technology under IT Act, 2000” എന്ന് എഴുതി കാണിക്കും. ഇലക്‌ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നനോളജി മന്ത്രാലയമാണ് ഐടി നിയമം അനുസരിച്ച്‌ ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

നിരോധനം

VLC മീഡിയ പ്ലെയര്‍ നിരോധനം സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്ത് വന്നത് എങ്കിലും ഈ നിരോധനം നടപ്പായിട്ട് രണ്ട് മാസത്തിലേറെയായി. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ എയര്‍ടെല്‍, വിഐ, ജിയോ, ആക്റ്റ് തുടങ്ങിയ പ്രമുഖ ഐഎസ്പികള്‍ VLC മീഡിയ പ്ലെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നിരോധിച്ചിരുന്നു. ഈ ടെലിക്കോം കമ്ബനികളുടെ നെറ്റ്വര്‍ക്കില്‍ നിന്നും വെബ്സൈറ്റിലേക്കുള്ള ആക്സസാണ് നിരോധിച്ചത്. അതുകൊണ്ട് തന്നെ കുറച്ച്‌ കാലമായി ആര്‍ക്കും അവരുടെ കമ്ബ്യൂട്ടറില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴഞ്ഞിട്ടില്ല.

VLC മീഡിയ പ്ലെയര്‍ നിരോധിക്കാനുള്ള കാരണം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ എന്ന സംഘം ഹാക്കിങിനായി VLC മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നതായാണ് സൂചനകള്‍. ഇത്തരം സൂചനകളുടെ അടിസ്ഥാനത്തിലാണ് VLC മീഡിയ പ്ലെയര്‍ രാജ്യത്ത് നിരോധിച്ചത് വൃത്തങ്ങള്‍ അറിയിച്ചു. യൂസര്‍ ഡാറ്റ മോഷ്ടിക്കാന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ഡിവൈസുകളിലേക്ക് മാല്‍വെയര്‍ കുത്തിവയ്ക്കാന്‍ VLC മീഡിയ പ്ലെയര്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു.

നിങ്ങളുടെ ഡെസ്ക്ടോപ്പിലോ ലാപ്‌ടോപ്പിലോ നിങ്ങള്‍ വിഎല്‍സി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ സുരക്ഷയെ മുന്‍നിര്‍ത്തി വേഗത്തില്‍ അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് കളയുക. നിങ്ങളുടെ ഡാറ്റയിലേക്ക് ഹാക്കര്‍മാര്‍ക്ക് ആക്സസ് ലഭിക്കാന്‍ VLC മീഡിയ പ്ലെയര്‍ കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും VLC മീഡിയ പ്ലെയര്‍ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ VLC മീഡിയ പ്ലെയറിന്റെ പിസി പതിപ്പിനെ മാത്രമേ ഹാക്കര്‍ഗ്രൂപ്പിന്റെ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളൂ എന്ന് വിശ്വസിക്കാം. ഇത് സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വൈകാതെ പുറത്ത് വരും.