മുകേഷ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

single-img
15 August 2022

റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും നേരെ വീണ്ടും വധഭീഷണി. അദ്ദേഹത്തെയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഫോൺ കോൾ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ലഭിച്ചതായാണ് പരാതി.

ഡിബി മാർഗ് പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. താൻ ഒരു തീവ്രവാദിയാണെന്നും മുകേഷ് അംബാനിയേയും കുടുംബത്തേയും കാണിച്ചു കൊടുക്കണമെന്നും വിളിച്ച ആൾ പറഞ്ഞു.

മാത്രമല്ല, മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധ സേനയേയും എൻഐഎയേയും ദുരുപയോഗം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഭീകരവിരുദ്ധ സേനയേയും എൻഐഎയേയും താൻ കാണിച്ച് കൊടുക്കാമെന്നും വിളിച്ചിയാൾ ഭീഷണിപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും സുരക്ഷ കൂട്ടുമെന്ന് പോലീസ് അറിയിച്ചു.

ഭീഷണിയുമായി ഏകദേശം മൂന്നിലധികം കോളുകോളാണ് ആശുപത്രിയിലേക്ക് വന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ മുംബൈ വസതിയ്ക്ക് സമീപത്ത് നിന്ന് 20 സ്ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോർപിയോ കാറും കണ്ടെത്തിയിരുന്നു.