ചരിത്രം സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരുടേതല്ല; കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി

single-img
15 August 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തെ തിരുത്താന്‍ ശ്രമിക്കുകയാണെന്നും ചരിത്രം സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരുടേതല്ലെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇപ്പോൾ പുതിയ ചരിത്രം രചിക്കാനായാണ് സംഘപരിവാറും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും കണ്ണൂരിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വൈസ്രോയിയുടെ മുന്നില്‍ പോയി നമ്മള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ നിങ്ങള്‍ക്കെതിരല്ല നിങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞവരാണ് അന്നത്തെ സംഘപരിവാര്‍ വിഭാഗം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പം ഞങ്ങളില്ല എന്ന് പറഞ്ഞ ഒരു വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളായി ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഗോള്‍വാള്‍ക്കറുടേയും സവര്‍ക്കറുടേയും ആശയങ്ങളെ പിന്തുടരുന്ന വര്‍ഗീയ വാദികള്‍ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലെ വിശാലസങ്കല്‍പ്പത്തെ, മതനിരപേക്ഷ സ്വഭാവത്തെ തന്നെ അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ വര്‍ഗീയവാദികളാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.