സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെ സംഭാവനകൾ ചോദ്യം ചെയ്യുന്നവർക്കായി ക്ലാസുകൾ സംഘടിപ്പിക്കും: ബിജെപി എംപി തേജസ്വി സൂര്യ

single-img
14 August 2022

സ്വാതന്ത്ര്യസമരത്തിന് ആർഎസ്എസ് നൽകിയ സംഭാവനകളെ ചോദ്യം ചെയ്യുന്നവർക്കായി യുവമോർച്ചചരിത്ര ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതനുസരിച്ച് സോഷ്യൽ മീഡിയയിൽ ദേശീയ പതാക പ്രദര്ശിപ്പിക്കാത്തതിന് ആർ‌എസ്‌എസിനെ കോൺഗ്രസുകാർ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി ആണ് ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞത്.

“കഴിഞ്ഞ 75 വർഷമായി, ഒരു കുടുംബത്തെ മാത്രം അഭിനന്ദിക്കുന്ന കോൺഗ്രസുകാർ ചരിത്രം പഠിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. സ്വാതന്ത്ര്യ സമര സേനാനികളായ ബാലഗംഗാധര തിലക്, വീർ സവർക്കർ, ബാബാസാഹെബ് അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയവരുടെ സംഭാവനകൾ ബോധപൂർവം അവർ അവഗണിക്കുന്നു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിൽ അവർക്ക് നമ്മുടെ സ്വാതന്ത്ര്യസമരം 360 ഡിഗ്രി മനസ്സിലാക്കാൻ പ്രത്യേക ക്ലാസുകൾ ക്രമീകരിക്കും,” തേജസ്വി സൂര്യ പറഞ്ഞു.

അതേസമയം ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ പേരിൽ ബിജെപി-ആർഎസ്‌എസിനെ കടന്നാക്രമിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്ത് വന്നു. ബി.ജെ.പി-ആർ.എസ്.എസ് പ്രചാരണത്തിലൂടെ തങ്ങളുടെ ഭൂതകാലത്തിന്റെ ഇരുണ്ട യുഗങ്ങൾ മറയ്ക്കാൻ ശ്രമിക്കുകയാണ് എന്നാണു അദ്ദേഹം പറഞ്ഞത്.